Not able to read in Malayalam ? I Can Help you ...


Not able to read in Malayalam ? I can Help You...

PLEASE INSTALL a Malayalam Font. ( Click here to download Eg: Kartika.ttf ). Download the kartika.ttf to your C:\Windows\Fonts folder.

-------------------------------------------------------------


Wednesday 23 May 2012

"ഹലോ..ഹൌ ഡൂ യൂ ഡൂ... "Posted by രാജീവ് പണിക്കര്‍..

എന്റെ ഉറ്റസുഹൃത്തും ബ്ളോഗറുമായ ശ്രീ ജയറാം പെരുമ്പാവൂറ്‍ പണ്ടു പറഞ്ഞ ഒരു സംഭവം ഈയിടെ ഞാന്‍ ഒരു യാത്രയ്ക്കിടെ എന്റെ ഭാര്യയോടു പറയുകയുണ്ടായി.
സാധാരണ അവസരങ്ങളില്‍ എന്റെ വളിപ്പുകള്‍ കേട്ട്‌ മുഖം ഒരു പ്രത്യേക രീതിയില്‍ വക്രിച്ച്‌ ചിരിച്ചെന്നു വരുത്തി എന്നെ ആശ്വസിപ്പിക്കാറുള്ള കക്ഷി ഈ സംഭവം കേട്ട്‌ അലറിച്ചിരിച്ചു. എന്നാലെന്താ ഇതൊന്നെഴുതിയാല്‍ എന്നു ഞാനും കരുതി.
ലൈവ്‌ ആയി സംഭവത്തില്‍ പങ്കു കൊണ്ട ഒരാള്‍ എന്ന നിലയില്‍ ശരിക്കും എന്താണു നടന്നതെന്നും സാഹചര്യമെന്താണെന്നും മറ്റും ജയറാം തന്നെ പിന്നീടു പറയുമായിരിക്കും. എങ്കിലും എന്നെ രസിപ്പിച്ച ആ ത്രെഡ്‌ ഇങ്ങനെയായിരുന്നു. ഒരല്‍പം പൊടിപ്പും തൊങ്ങലുമൊക്കെ എല്ലാ കഥകളിലെയും പോലെ ഇതിലും കാണും എന്നു മാത്രം.
മുന്‍പ്‌ കോളേജ്‌ എന്ന ബ്ളോഗ്‌ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുള്ള ശങ്കരാ കോളേജിന്റെ ബൈക്ക്‌ ക്രേസ്‌ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന കാലത്താണ്‌ ഞാനും ഈ പറഞ്ഞ ജയറാമും മറ്റും കോളേജില്‍ പഠിച്ചത്‌. യമഹാ ആര്‍ എക്സ്‌ 100, ഇന്‍ഡ്‌ സുസുക്കി, ടി വി എസ്‌ സുസുക്കി തുടങ്ങിയ ബൈക്കുകളായിരുന്നു അന്നത്തെ വെല്യ സംഭവങ്ങള്‍. ചിലര്‍ ബജാജ്‌ ചേതക്കിലും ലാംബ്രട്ടയിലുമൊക്കെ വന്നു പോയിരുന്നു. ഇന്നത്തെ പള്‍സര്‍, യൂണികോണ്‍, യമഹ തുടങ്ങിയ ക്രൂയിസര്‍ ബൈക്കോടിക്കുന്ന പിള്ളേര്‍ പോലും ചിന്തിക്കാത്ത തരത്തില്‍ ബൈക്ക്‌ കൈകാര്യം ചെയ്തിരുന്ന ചിലവന്‍മാര്‍ അന്ന്‌ കോളേജില്‍ ഉണ്ടായിരുന്നു.
കാര്യം വീട്ടില്‍ ബൈക്കുണ്ടെങ്കിലും അച്ഛന്റെ കര്‍ശന വിലക്കുണ്ടായിരുന്നതിനാല്‍ ഒരിക്കലും എനിക്ക്‌ ബൈക്കോടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടില്‍ ബൈക്കില്ലാതിരുന്നതിനാല്‍ ഇവന്‍ ബൈക്കോടിക്കാന്‍ സാദ്ധ്യതയില്ല എന്ന വീട്ടുകാരുടെ തോന്നലിനെ മാക്സിമം മുതലെടുത്ത്‌ ജയറാമും മറ്റും ബൈക്ക്‌ അഭ്യാസങ്ങള്‍ക്കു മുതിരാറുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം കോളേജില്‍ നിന്നും ക്ളാസ്‌ കട്ടു ചെയ്ത്‌ കാലടിയിലെ അന്നത്തെ എ സി (ആസ്ബസ്റ്റോസ്‌ കണ്ടീഷന്‍) തീയറ്ററായ വിക്ടറിയില്‍ റിലീസ്‌ ചിത്രമായ പാലാട്ടു കോമനോ മറ്റോ കാണാന്‍ പോകാന്‍ ജയറാമും ഉറ്റ സുഹൃത്തായ പ്രദീപും തീരുമാനമെടുക്കുന്നു.
തീരുമാനം ഉറച്ചതായതു കൊണ്ടാകണം ഉടനെ ഒരു ബൈക്ക്‌ രംഗത്തെത്തി. പ്രദീപ്‌ ഓടിക്കാം എന്നും ജയറാം പുറകിലിരിക്കാം എന്നും തീരുമാനമായി. അഞ്ചു മിനിട്ടില്‍ തീയറ്ററിലെത്തിയാല്‍ സിനിമ ആദ്യം മുതല്‍ക്കേ കാണാം എന്നും അറിവു കിട്ടി. ഉടനെ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ രണ്ടാളും കാലടിയിലേക്ക്‌ പറന്നു.
ശ്രീ ശങ്കരാചാര്യ സ്തംഭത്തിന്റെ മുന്‍പിലെത്തിയപ്പോള്‍ അതാ മുന്‍പില്‍ ഒരു കുരിശ്‌!
നല്ല മനോഹരമായി വണ്ടിയോടിക്കുന്നവര്‍ വിചാരിച്ചാല്‍ പോലും ബ്ളോക്കില്ലാതെ കടന്നു പോകാനാകാത്ത കാലടി ടൌണില്‍ റിട്ടയറാകാറായ ഒരു പ്രീമിയര്‍ പദ്മിനി മണിക്കൂറില്‍ പതിമൂന്നു കിലോമീറ്റര്‍ സ്പീഡില്‍ പോകുകയാണ്‌. മുന്‍പിലത്തെ വിന്‍ഡോയിലൂടെ വലത്തേ കൈ പുറത്തിട്ട്‌ മുകളിലോട്ടും താഴോട്ടും അനക്കി വലത്തോട്ട്‌ സിഗ്നലിടുകയാണ്‌ റിട്ടയര്‍ ചെയ്ത ഒരു അപ്പൂപ്പന്‍.
നല്ല ശക്തിയായി തന്നെ ഹോണടിച്ചു. നോ രക്ഷ! വലത്തോട്ടു തിരിഞ്ഞേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തില്‍ കൈ വലത്തോട്ട്‌ കുറച്ചു കൂടി ശക്തിയായി വീശിക്കൊണ്ടിരിക്കുകയാണ്‌ മിസ്റ്റര്‍ അപ്പൂപ്പന്‍. സിനിമയുടെ കാര്യം ഏതാണ്ട്‌ തീരുമാനമായ മട്ടായി. ഇതിനിടെ ജങ്ക്ഷനില്‍ അപ്പൂപ്പന്റെ പരാക്രമങ്ങളാല്‍ ഒരു ചെറിയ ബ്ളോക്കും അതിനെ മറികടക്കാനുള്ള മറ്റു വാഹനങ്ങളുടെ ശ്രമത്താല്‍ ഒരു വലിയ ബ്ളോക്കും രൂപപ്പെട്ടു. അപ്പൂപ്പന്‍ പോയാലേ മറ്റുള്ളവര്‍ക്കു പോകാനാകൂ എന്ന സ്ഥിതിയായി. കുറഞ്ഞ പക്ഷം പുറത്തേക്കിട്ട കൈയെങ്കിലും അകത്തിടണം. അങ്ങനെയാണെങ്കില്‍ കഷ്ടിച്ച്‌ ഇവന്‍മാരുടെ ബൈക്കിനു കടന്നു പോകാം.
ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല.
"നീ പതുക്കെ മുന്‍പോട്ടെടുത്തോ..."
ജയറാം ബൈക്കില്‍ നിന്നിറങ്ങി. പതുക്കെ അപ്പൂപ്പന്റെ അടുത്തെത്തി. സിഗ്നലിനായി നീട്ടിയ കൈയില്‍ വലത്തേ കൈ കൊണ്ട്‌ ബലമായി പിടിച്ചു. എന്നിട്ടു പറഞ്ഞു.
"ഹലോ..ഹൌ ഡൂ യൂ ഡൂ... "എന്നിട്ട്‌ ഓടി ബൈക്കില്‍ കയറി.
അപ്പൂപ്പന്‌ അപ്രതീക്ഷിതമായി കിട്ടിയ ഒരു ഷെയ്ക്ക്‌ ഹാന്‍ഡിന്റെ ഞെട്ടല്‍ മാറും മുന്‍പ്‌ ഗ്യാപ്പിലൂടെ പ്രദീപ്‌ ബൈക്ക്‌ ബ്ളോക്കില്‍ നിന്നു പുറത്തെത്തിച്ചു.

No comments:

Post a Comment